ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ഇന്നു രാവിലെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പാർട്ടി പതാക പ്രകാശനം ചെയ്തത്.
തുടർന്ന് പതാക ഉയർത്തുകയും ചെയ്തു. യുട്യൂബിലൂടെ പതാക ഗാനവും പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേർന്നതാണ് പാർട്ടിയുടെ പതാക, പതാകയില്‍ രണ്ട് ഗജവീരൻമാരുമുണ്ട്.
അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് വിജയ്. ഇതിന് മുന്നോടിയായാണ് പാർട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. ഈ പതാക പാർട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു.
‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും… ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാൻ ഇല്ലാതാക്കും. എല്ലാവർക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിച്ചു പറയുന്നു’, പാർട്ടിയുടെ പ്രതിജ്ഞയില്‍ പറയുന്നു.