Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsസര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനോ?കേസെടുക്കാന്‍ കഴിയില്ലെന്ന വാദം ആരെ രക്ഷിക്കാന്‍?നാലരക്കൊല്ലത്തോളം പരാതി കൂമ്പാരത്തിന്...

സര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനോ?കേസെടുക്കാന്‍ കഴിയില്ലെന്ന വാദം ആരെ രക്ഷിക്കാന്‍?നാലരക്കൊല്ലത്തോളം പരാതി കൂമ്പാരത്തിന് മുകളില്‍ അടയിരുന്ന സര്‍ക്കാരും ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുകയാണെന്ന് ആരോപണം

തിരുവനന്തപുരം: നാലര വര്‍ഷം പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വിട്ടതോടെ വ്യാപക വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്നത്‌ . ആരെ സംരക്ഷിക്കാനാണ് സര്‍ക്കാർ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.After the release of the Hema Committee report, there was widespread criticism against the government

സിനിമാ മേഖലയിലെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ നടീ നടന്മാര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ല്യുസിസി നിര്‍ബന്ധം കൂടിയായപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന ആശയത്തിലേക്ക് എത്തുന്നത്. ഞെട്ടിപ്പിക്കുന്ന വസ്തുകൾക്കൊപ്പം നടപടി നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിട്ട് നാലരക്കൊല്ലമായി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ലൈംഗിതാതിക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്താൽ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിട്ട് പോലും ഒന്നും ചെയ്തില്ല. നിയമപരമായ തുടര്‍നടപടിയിൽ രണ്ട് പക്ഷമെന്ന് പറഞ്ഞാണ് പ്രതിരോധം. അത് മുഖവിലക്ക് എടുത്താൽ പോലും സിനിമാ മേഖലയിലെ സമഗ്ര നവീകരണത്തിന് കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിൽ സര്‍ക്കാര്‍ എന്ത് ചെയ്തെന്നാണ് ചോദ്യം.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത് അതിശക്തമായ ആക്ഷേപങ്ങളാണ്. സിനിമാ മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. കൊട്ടിഘോഷിച്ച സിനിമാ നയ രൂപീകരണത്തിന് കരട് രൂപരേഖയുണ്ടാക്കുന്ന കൺസൾട്ടൻസിക്ക് ഒരു കോടി അനുവദിച്ചത് ഇന്നലെ മാത്രമാണ്. 

പരാതി പറയുന്ന താരങ്ങളെ സമൂഹമാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസം മുൻനിര താരങ്ങളുടെ ഫാൻസുകാരാണ് നടത്തുന്നത്. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 354 വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നാണ് ഹേമ കമ്മിറ്റി ശുപാർശ ചെയ്തത്.

ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, റിപ്പോർട്ടിലെ ഈ നിർദേശം പോലും പരസ്യമാക്കിയില്ലെന്നതാണ് വിചിത്രം. അതേസമയം, നിയമനടപടിയിലേക്ക് പോകേണ്ടെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞെന്ന് അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു.

റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ തെളിവില്ലെന്ന ന്യായവാദമാണ് ബെഹ്റ സർക്കാരിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ തുടർനീക്കങ്ങൾ സർക്കാർ വേണ്ടെന്നുവച്ചു.

നാലരവർഷം മുൻപ് തന്നെ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാരിന് അറിയാമായിരുന്നുവെന്ന് കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചുരുക്കത്തിൽ റിപ്പോർട്ടിലെ ഉള്ളടക്കം ഇപ്പോഴാണ് അറിയുന്നതെന്ന മന്ത്രി സജി ചെറിയാന്റെ വാദം ഇതിന് പരസ്പരവിരുദ്ധമാണ്. 

അതേസമയം നാലര വര്‍ഷം മുന്‍പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പോക്‌സോ ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് വച്ച് ഒരു സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോണ്‍ക്ലേവാണോ നടത്തേണ്ടത്?

ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. നാലര വര്‍ഷം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തത്.

ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? ഏത് പരുന്താണ് സര്‍ക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും മേല്‍ പറക്കുന്നത്?

കേസെടുക്കാന്‍ പുതുതായി പരാതി നല്‍കേണ്ട കാര്യമില്ല. ഇത്രയും വലിയൊരു പരാതിയുടെ കൂമ്പാരം നാലരക്കൊല്ലമായി സര്‍ക്കാരിന്‍റെ  കയ്യില്‍ ഇരിക്കുകയല്ലേ. എന്നിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചു. സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറ്റകൃത്യം അന്വേഷിച്ചേ മതിയാകൂ. വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

സര്‍ക്കാരിലെ ഉന്നതര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടും നാലര വര്‍ഷമായി നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണ്? സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പോലും പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഈ കേസില്‍ സര്‍ക്കാരിന് കുറെ ആള്‍ക്കാരെ സംരക്ഷിക്കണം. ഇരകളായത് സ്ത്രീകളാണ്. ക്രിമിനല്‍ കുറ്റകൃത്യം ചെയ്തവരെ പോലെ കുറ്റകൃത്യം മറച്ചുവച്ച സര്‍ക്കാരും ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവിചാരണം ചെയ്യപ്പെടും.

കേസെടുക്കാന്‍ പറ്റില്ലെന്നു പറയുന്ന പൊലീസ് ഇരകളുടെ ആരുടെയെങ്കിലും മൊഴി എടുത്തിട്ടുണ്ടോ? റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച സാംസ്‌കാരിക മന്ത്രി റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട 60 പേജുകള്‍ കാണേണ്ടെന്നു വച്ചതാണോ. വേട്ടക്കാരായവര്‍ സര്‍ക്കാരിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണോ ആ പേജ് വായിക്കാതെ പോയത്?

സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചില്ലെന്നു പറയാന്‍ മന്ത്രിക്ക് നാണമാകില്ലേ? മന്ത്രി ഗണേഷ് കുമാറിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അദ്ദേഹം അതേക്കുറിച്ച് നിലപാട് പറയട്ടെ. അതിന് ശേഷം അതേക്കുറിച്ച് പറയാം.

മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ താല്‍പര്യം എന്താണെന്ന് വ്യക്തമാക്കണം. കേസെടുത്തില്ലെങ്കില്‍ നിയമപരമായി നേരിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

 ജസ്റ്റിസ് ഹേമമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ആരോപിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്.

എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments