‘ആമേൻ’ സിനിമയിലൂടെ പ്രശസ്തനായ നടൻ നിർമല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലർച്ചെ ആയിരുന്നു നിർമ്മല്‍ മരണപ്പെട്ടത്.Actor Nirmal Benny Passed Away
നിർമലിന്റെ വിയോഗ വാർത്ത നിർമാതാവ് സഞ്ജയ് പടിയൂർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമല്‍ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു’, എന്നാണ് നിർമലിന്റെ മരണവാർത്ത പങ്കുവച്ചുകൊണ്ട് സഞ്ജയ് പടിയൂർ ഫേസ്ബുക്കില്‍ കുറിച്ചത്.
ആമേൻ, ദൂരം എന്നിവയുള്‍പ്പെടെ അഞ്ച് ചിത്രങ്ങളില്‍ നിർമല്‍ അഭിനയിച്ചിട്ടുണ്ട്.
2012 -ല്‍ ‘നവാഗതർക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് നിർമല്‍ സിനിമ രംഗത്തെത്തുന്നത്. ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് നിർമലിനെ പ്രേക്ഷകർക്കിടയില്‍ സ്വീകാര്യനാക്കിയത്.
കൊമേഡിയനായാണ് നിർമല്‍ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. അതേസമയം യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.