കോഴിക്കോട്: ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് തിരുവമ്ബാടിയിലെ കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
പുതിയകുന്നേല്‍ അബിൻ ബിനു(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആശുപത്രിയിലുള്ള രോഗിയായ സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു അബിൻ. ഒരു മണിക്കൂറോളം സുഹൃത്ത് ശരത്തുമായി അബിൻ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ 10.30 മണിയോടെ ആശുപത്രിയിലെ കാന്റീനിന് സമീപത്തെ ചെടിയില്‍ കെട്ടിയിരുന്ന വയറില്‍ നിന്നാണ് അബിന് ഷോക്കേറ്റത്.
താഴെ വീണുകിടന്ന വയറില്‍ അബിൻ ചവിട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് സുഹൃത്ത് അറിയിച്ചത്. അബിനെ പിടിച്ചുമാറ്റാൻ ശ്രമിക്കവെ സുഹൃത്തിനും ഷോക്കേറ്റു. ശേഷം ആംബുലൻസില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന്‌മുൻപുതന്നെ അബിൻ മരിച്ചതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.