തിരുവനന്തപുരം: മാനവീയം തെരുവിടം കള്‍ച്ചറല്‍ കളക്ടീവിന്റെ ട്രഷറർ സ്ഥാനം കെ.എസ്.ടി.എ. നേതാവ് രാജിവെച്ചത് അഭിമന്യുവിന്റെ പേരിലുള്ള ധനസമാഹരണത്തില്‍ സുതാര്യത ഇല്ലാത്തതിനാല്‍.Abhimanyu Martyrs Fund
ധനസമാഹരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് പരാതി ലഭിച്ചിട്ടില്ല എന്ന നേതാക്കളുടെ വാദവും പൊളിയുന്നു.
മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യുവിന്റെ പേരില്‍ ഫണ്ട് സ്വരൂപിച്ചതില്‍ പരാതി ഉയർന്നിരുന്നു. ഫണ്ട് പിരിവ് തുടങ്ങിയ 2018-ല്‍ സംഘടനയുടെ ട്രഷറർ ആയി തിരഞ്ഞെടുത്തിരുന്ന കെ.എസ്.ടി.എ. നേതാവ് ഇപ്പോള്‍ ആ സ്ഥാനത്തില്ല.
ഇത്രകാലം കഴിഞ്ഞിട്ടും ഫണ്ട് വിനിയോഗിക്കാത്തതില്‍ പ്രതിഷേധം ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച ഇവർ രാജിവച്ചതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ട്രഷറർ ഇല്ലാതെ സംഘടനയുടെ സാമ്ബത്തിക ഇടപാടുകള്‍ എങ്ങനെ നടക്കുന്നു എന്ന ചോദ്യവുമുയർന്നിട്ടുണ്ട്.
ഫണ്ടിലേക്ക് പണം നല്‍കിയ ചിലരാണ് രസീതില്ലാതെ നടത്തിയ ധനസമാഹരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. പാർട്ടി അംഗങ്ങളും പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുമായ നേതാക്കളാണ് ഫണ്ട് പിരിവിന് മുന്നില്‍ നിന്നത്.
സി.പി.എമ്മില്‍ അംഗങ്ങളായിട്ടുള്ളവർ ഏത് സംഘടനയുടെ പേരിലായാലും രക്തസാക്ഷി ഫണ്ട് പണം പിരിക്കുന്നതിന് പാർട്ടിയുടെ അനുമതി വേണം. ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ല. നിരവധി പരാതികളും മാധ്യമവാർത്തകളും വന്നതോടെയാണ് സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടത്.
ഇതേത്തുടർന്ന് തെരുവിടം ഭാരവാഹികള്‍ ആറരവർഷത്തിനുശേഷം അഭിമന്യു എൻഡോവ്മെന്റ് വിതരണം ചെയ്യുമെന്ന് അറിയിച്ചു. അതേസമയം പുരോഗമന കലാസാഹിത്യസംഘം ഇത്തരത്തിലൊരു ഫണ്ട് പിരിക്കാൻ ആഹ്വാനം ചെയ്യുകയോ പിരിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഘം ജില്ലാ സെക്രട്ടറി എസ്.രാഹുല്‍ അറിയിച്ചു.