തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതിന്റെ തെളിവാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതുള്‍പ്പെടെയുള്ള നീക്കങ്ങള്‍.
A move to quash the case related to Siddharth’s death
ഇതിനെതിരെ സിദ്ധാർത്ഥന്‍റെ കുടുംബം വീണ്ടും രംഗത്തെത്തിയതോടെ കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. മുഖ്യമന്ത്രിയെ നേരിട്ടു കണ്ട പിതാവിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേസ് ഇന്നുവരെ സിബിഐ ഏറ്റെടുത്തിട്ടില്ല.
മാത്രമല്ല നിയമോപദേശം പോലും തേടാതെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി സി പിൻവലിക്കുകയും ചെയ്തത് വിവാദമായി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ആദ്യം തന്നെ വിലയിരുത്തപ്പെട്ടിരുന്നു. മാത്രമല്ല പ്രതികളായ എസ്‌എഫ് ഐ ക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
എന്നാല്‍ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് സിബിഐക്ക് ഫയൽ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നു.
സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ചോദിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം കേസിനെ തട്ടിക്കളിക്കാൻ സമ്മതിക്കില്ലെന്നും ഉടൻ സിബിഐ അന്വേഷണം തുടങ്ങണമെന്നും പറഞ്ഞു.
എന്നാല്‍ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ നീതി കിട്ടുമോയെന്ന ആശങ്കയിലാണ് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ പറഞ്ഞു.
കഴിഞ്ഞ 9 നാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തന്നെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.
കുടുംബത്തിന്‍റെ ആവശ്യത്തിനൊപ്പം പ്രതിപക്ഷസംഘടനകളുടെ സമരവും കൊടുമ്പിരി കൊണ്ടപ്പോഴാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് പ്രതിഷേധങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞു.
കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നയുടനെ തന്നെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തുവെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്. കേസ് ഏറ്റെടുക്കണമോയെന്ന കാര്യം സിബിഐയാണ് തീരുമാനിക്കേണ്ടത്.
സിദ്ധാർത്ഥിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി സി പിൻവലിച്ചത്.
പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിൽ വൻ ഇടപെടലുകളുണ്ട്.
എസ്.എഫ്.ഐ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാർത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ സമരത്തെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സമരങ്ങളെ ഭയന്നാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയാറായത്.
കൊന്ന് കെട്ടിത്തൂക്കിയവർ തന്നെയാണ് അഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കേസ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാതെ സിബിഐ വരുന്നതിന് മുൻപ് തെളിവുകൾ നശിപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
പ്രതികളെ രക്ഷിക്കാനാണ് സർക്കാരും സർവകലാശാലയും ശ്രമിക്കുന്നത്. മാധ്യമ വാർത്തകൾ തിരഞ്ഞെടുപ്പിലേക്ക് മാറിയപ്പോൾ വീണ്ടും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷം.
സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ നിന്നുംനഎസ്.എഫ്.ഐ ക്രിമിനലുകൾ ഒന്നും പഠിച്ചില്ല. കൊയിലാണ്ടിയിൽ അമൽ എന്ന വിദ്യാർത്ഥിയെ വീട്ടിൽ എത്തിച്ച് മർദ്ദിച്ചു. തിരുവനന്തപുരത്ത് 51 വയസുകാരനായ നൃത്താധ്യാപകനെ മുറിയിൽ കൊണ്ടു പോയി തല്ലിച്ചതച്ചു. അദ്ധ്യാപകൻ പിന്നീട് ആത്മഹത്യ ചെയ്തു. ഇതു സംബന്ധിച്ച അന്വേഷണം എന്തായി?
പിണറായി വിജയനാണ് എസ്.എഫ്.ഐ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നത്. ജീവൻരക്ഷാ പ്രവർത്തനമെന്ന് ന്യായീകരിച്ച് തെറ്റുകൾക്ക് കുടപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും സതീശൻ പറഞ്ഞു.