റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനിലിന്റേയും വേര്‍പാട് ഓരോ മലയാളിയെയും വേദനയിൽ ആഴ്ത്തി.a man from kottayam committed suicide after the unexpected death of his wife in the uk update
വോര്‍സെറ്റ് ഷെയറിലെ റെഡിച്ചില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം വിവാഹിതരായ ഇരുവരും അവസാന ശ്വാസം വരെ ആ പ്രണയത്തിന്റെ തീവ്രതയ്ക്ക് തരിപോലും കുറവ് വരുത്തിയിരുന്നില്ല എന്നാണ് സോണിയയുടെ മരണ ശേഷം തന്റെ അവസാന ശ്വാസം വരെ അനില്‍ ചെറിയാന്‍ തെളിയിച്ചിരിക്കുന്നത്.
‘ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. എന്നാൽ അവർ എത്തുമ്പോഴേക്കും അനിൽ തൂങ്ങിമരിച്ചിരുന്നു.
ഇരുവരുടേയും മരണത്തെ തുടര്‍ന്ന് മക്കളായ ലിയ, ലൂയിസ് എന്നിവര്‍ അനാഥരായി. മരണ വിവരം അറിഞ്ഞു അനിലിന്റെ ബന്ധുക്കളില്‍ ചിലര്‍ റെഡിച്ചില്‍ എത്തിയിട്ടുണ്ട്. മക്കള്‍ തത്കാലം ഇവരുടെ സംരക്ഷണയില്‍ തുടരും. സംസ്കാരം പിന്നീട്.
രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. യുകെ മലയാളികള്‍ക്കിടയില്‍ പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ഒരാള്‍ ജീവനൊടുക്കുന്നത് ആദ്യ സംഭവമാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)