ടെഹ്റാൻ: പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്.A bus of Shia pilgrims from Pakistan to Iraq met with an accident in Iran
53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയായ ലാർകാന നഗരത്തിൽ നിന്നുള്ളവരാണ്.
മധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്ദിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപകടത്തിൽ 18ഓളം പേർക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോൺ ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്‍ക്ക് അടിയന്തര ചികിത്സ നൽകിയതായും ഡോൺ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘അപകടത്തിൽ 11 സ്ത്രീകൾക്കും 17 പുരുഷന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേർ ആശുപത്രി വിട്ടു’വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്മെൻ്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർത്ഥാടകർ. അറബിയിൽ ’40’ എന്നർഥമുള്ള അർബെയിൻ, കർബല യുദ്ധത്തിൽ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്നു. പ്രവാചക പൈതൃകത്തിൻ്റെ ശരിയായ അവകാശിയായി അനുയായികൾ ഹുസൈനെ കണ്ടു.
ഉമയ്യദ് ഖിലാഫത്തിനോട് പിന്തുണ പ്രഖ്യാപിക്കാൻ വിസമ്മതിച്ചത് അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് നയിച്ചു. ഈ സംഭവം സുന്നി-ഷിയാ ഇസ്ലാം ഭിന്നതയെ രൂക്ഷമാക്കിയെന്നാണ് കരുതപ്പെടുന്നത്.