Saturday, April 20, 2024
spot_imgspot_img
HomeNewsതിരുവനന്തപുരത്ത് കരുത്ത് തെളിയി ക്കാന്‍ ശശി തരൂര്‍ വീണ്ടുമെത്തുമ്പോള്‍, മൂന്നാം സ്ഥാനത്തേക്ക് പോയ എല്‍ഡിഎഫ് കളം...

തിരുവനന്തപുരത്ത് കരുത്ത് തെളിയി ക്കാന്‍ ശശി തരൂര്‍ വീണ്ടുമെത്തുമ്പോള്‍, മൂന്നാം സ്ഥാനത്തേക്ക് പോയ എല്‍ഡിഎഫ് കളം തിരിച്ചുപിടിക്കാന്‍ ഇറക്കുന്നത് പന്ന്യന്‍ രവീന്ദ്രനെ, ആദ്യമായി രണ്ടാമത് എത്തിയ മണ്ഡലത്തില്‍ വിജയപ്രതീക്ഷ യുമായി ബി ജെ പിയുടെ  രാജീവ് ചന്ദ്രശേഖറും;തലസ്ഥാനത്ത് പോരാട്ടം കനക്കും

തിരുവനന്തപുരം: ഇത്തവണ  ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരം. മൂന്ന് മുന്നണികൾക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂർവ്വം മണ്ഡലങ്ങളിലൊന്നായാണ് തിരുവനന്തപുരം മണ്ഡലത്തെ വിലയിരുത്തിയിരുന്നത്.Thiruvananthapuram constituency is preparing for a strong triangular contest 

ഇത്തവണയും തിരുവനന്തപുരം പിടിക്കാന്‍ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ എത്തുമ്പോള്‍ കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നിൽ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തനായ പന്ന്യന്‍ രവീന്ദ്രനെയാണ് സിപിഐ വീണ്ടും കളത്തിലിറക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്  ബിജെപി സ്ഥാനാർത്ഥി.

99989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ച് കയറിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് 316142 വോട്ടുകളാണ് മണ്ഡലത്തിൽ നേടാനായത്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാർത്ഥി സി ദിവാകരന് 258556 വോട്ടുമാണ് നേടാനായത്. 

ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ നടന്ന മണ്ഡലത്തിൽ വോട്ടണ്ണലിന്റെ അവസാന ഘട്ടത്തിലാണ് വ്യക്തമായ ലീഡിലേക്ക് ശശി തരൂർ എത്തിയത്.അതിനാല്‍ ഇത്തവണയും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല.

കഴിഞ്ഞതവണ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തിൽ ഇറക്കിയായിരുന്നു അവസാന ദിവസങ്ങളില്‍ ബിജെപി പ്രചാരണം നടത്തിയത്. എകെ ആന്‍റണിയേയും ഉമ്മൻ ചാണ്ടിയേയും റോഡ് ഷോകളിൽ രംഗത്ത് ഇറക്കിയായിരുന്നു കോൺഗ്രസിന്‍റെ ശക്തിപ്രകടനം.

ആദ്യമുതൽ തന്നെ സംസ്ഥാന ദേശീയ നേതാക്കളെ അണിനിരത്തിയായിരുന്നു ഇടത് മുന്നണി പ്രചാരണം പൊടിപൊടിച്ചത്.

2009 മുതൽ മണ്ഡലത്തെ കോൺഗ്രസിന് വേണ്ടി പ്രതിനിധീകരിക്കുകയാണ് ശശി തരൂർ. 2014-ലും 2019-ലും മണ്ഡലത്തില്‍ തരൂര്‍ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായ ഏക ലോക്സഭാ മണ്ഡലവും തിരുവനന്തപുരം മാത്രമാണ്.

കേരളത്തില്‍ കോണ്‍ഗ്രസിനെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തക്ക വളര്‍ച്ച നേടിയ ഏക ലോക്സഭാ മണ്ഡലമായി ബി.ജെ.പി. വിലയിരുത്തുന്നതും തിരുവനന്തപുരമാണ്. 

കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നിൽ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ സിപിഐ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.

2009നു ശേഷം മുന്നണിക്ക് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തി. 2014, 2019 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. പന്ന്യനെത്തുമ്പോൾ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു.

തലസ്ഥാനത്ത് ജനപ്രീതിയുള്ള സ്ഥാനാർഥിയാണ് പന്ന്യൻ രവീന്ദ്രന്‍. കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ തീരദേശമേഖലയിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. 

ബിജെപിയുടെ ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിലെന്നതിനാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇറക്കി അട്ടിമറി ശ്രമത്തിനാണ് ബിജെപി നീക്കം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്.

മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി.

ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ ശരാശരി മൂന്ന് ലക്ഷമായി ഉയർന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ 3,26,725 വോട്ടുകളാണ് ലഭിച്ചത്.

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്‍റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി. മുൻപ് മത്സരിച്ച വി.എസ്. ശിവകുമാറിനേക്കാൾ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍ കര എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കോവളം ഒഴിക എല്ലാം എല്‍ ഡി എഫ് മണ്ഡലങ്ങളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments