Sunday, April 14, 2024
spot_imgspot_img
HomeNewsഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും അനി രാജയും വയനാട്ടില്‍ ഏറ്റുമുട്ടുമ്പോള്‍,ശക്തമായ പോരാട്ടത്തിന് കളമൊരുക്കാന്‍...

ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും അനി രാജയും വയനാട്ടില്‍ ഏറ്റുമുട്ടുമ്പോള്‍,ശക്തമായ പോരാട്ടത്തിന് കളമൊരുക്കാന്‍ കെ സുരേന്ദ്രനും

വയനാട്: കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പോടെ ദേശീയതലത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഇത്തവണയും വലിയ പ്രാധാന്യത്തോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണിത്.Lok Sabha Elections in Wayanad

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ വയനാട് പ്രവേശിക്കുന്നത് 2009-ലാണ്. 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടെയാണ് ദേശീയതലത്തിൽ മണ്ഡലം ശ്രദ്ധ നേടിയത്.

മണ്ഡലം നിലവിൽ വന്നത് മുതൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നു. 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം ഐ ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം അക്കാലത്തെ റെക്കോഡായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും ഷാനവാസ് തന്നെ വയനാട് പിടിച്ചു.

എന്നാല്‍ 2014 ൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ അടക്കം വിവിധ പാർട്ടികളിൽ നിന്നായി പതിനഞ്ച് സ്ഥാനാർത്ഥികൾ വയനാട്ടിൽ കളത്തിലിറങ്ങിയതോടെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. 

2019-ൽ അമേഠിയിലെ രാഹുലിന്റെ വിജയം ചോദ്യചിഹ്നമായി ഉയർന്നതോടെയാണ് കോൺഗ്രസിന്റെ കണ്ണുകൾ വയനാട് മണ്ഡലത്തിൽ പതിയുന്നതും രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതും. വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളടക്കം പ്രചരണത്തിനായി വയനാട്ടിലെത്തി.

2019 -ല്‍ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി 20 പേര്‍ മല്‍സരിച്ചെങ്കിലും വയനാട്ടുകാർ രാഹുൽഗാന്ധിയെ വിജയിപ്പിച്ചത് നാല് ലക്ഷം എന്ന റെക്കോഡ് ഭൂരിപക്ഷത്തോടെയാണ്. വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വൻ ഭൂരിപക്ഷം നേടി. 

അങ്ങനെ കേരളത്തിലെ വിഐപി മണ്ഡലമായി വയനാട് മാറുകയും ചെയ്തു. കേരളത്തിൽ 20 ൽ 19 സീറ്റുകളും യുഡിഎഫ് സഖ്യം സ്വന്തമാക്കിയത് രാഹുല്‍ തരംഗത്തോടെയാണ്.

ഇത്തവണയും രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതീക്ഷയിലാണ്.

വയനാട് മണ്ഡലത്തിലെ ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ദേശീയ ശ്രദ്ധ നൽകികൊണ്ട് രാഹുലിന് എതിരാളിയായി എത്തുന്നത് സിപിഐ ദേശീയ നേതാവ് ആനി രാജയാണ്.

കണ്ണൂർ ഇരിട്ടി സ്വദേശിയാണ് സി പി ഐയുടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയായ ആനി രാജ. സി പി ഐയുടെ വിദ്യാർത്ഥി വിഭാഗമായഎ ഐ എസ് എഫിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന ആനി രാജ, 22-ആം വയസിൽ സി പി ഐയുടെ സംസ്ഥാന കമ്മിറ്റിയിലെത്തി.സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ആനി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയും കൂടിയാണ്.

ആനി രാജ വയനാട്ടില്‍ ഓടിനടന്ന് പ്രചാരണം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നേരിട്ടെത്തി വലിയ പ്രചാരണമില്ലാതെ വന്‍ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. വിജയം ഉറപ്പിച്ച മണ്ഡലം എന്ന നിലയിലാണ് യുഡിഎഫ് മണ്ഡലത്തെ നോക്കിക്കാണുന്നത്. 

ദേശീയ തലത്തില്‍ ശ്രദ്ധേയരായവരും ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യുന്ന രണ്ട് പാര്‍ട്ടികളുടെ നേതാക്കള്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വയനാട് ദേശീയശ്രദ്ധയിലെത്തും.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്.

ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കെ സുരേന്ദ്രൻ. ശക്തമായ കേന്ദ്ര നിർദേശം പ്രകാരമാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്.

ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും അദ്ദേഹം പറയുന്നു.

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ദേശീയ നേതാക്കളെ ഇറക്കും എന്നുവരെ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ബിജെപി മണ്ഡലത്തില്‍ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 

 2019ല്‍ തുഷാർ വെള്ളാപ്പള്ളി നേടിയ 7.25 വോട്ടിംഗ് ശതമാനം എത്രകണ്ട് സുരേന്ദന്‍ വയനാട്ടില്‍ ഉയർത്തും എന്നതാണ് പ്രധാനം. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ എൻഡിഎയ്ക്ക് 8 ശതമാനത്തിലധികം വോട്ടുകൾ നേടാൻ ആയിട്ടില്ല.

വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 

വന്യജീവി സംഘർഷങ്ങൾ വളരെ രൂക്ഷാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വയനാട്ടിലെത്തുന്നത്. വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി മരണങ്ങൾ ഉണ്ടായതോടെ വയനാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ് . വയനാട്ടുകാർ പോളിങ് ബൂത്തിലെത്തുന്നതും അവരുടെ ആവശ്യം മുന്‍ നിര്‍ത്തിയാകും എന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments