Saturday, April 20, 2024
spot_imgspot_img
HomeNewsബിജെപിയുടെ ഭയം ഇരട്ടിക്കുന്നു; കേജരിവാളിന്‍റെ അറസ്റ്റ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം,പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഹസനമായി...

ബിജെപിയുടെ ഭയം ഇരട്ടിക്കുന്നു; കേജരിവാളിന്‍റെ അറസ്റ്റ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം,പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഹസനമായി മാറുമോ?,400 സീറ്റ് ലക്ഷ്യമിട്ടുള്ള മോദിയുടെ തന്ത്രങ്ങളില്‍ ജനാധിപത്യം ഇല്ലാതാകുമോ?

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിയുടെ ഭയ ഇരട്ടിക്കുന്നുവെന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ്. കോണ്‍ഗ്രസ്സിനെതിരെയുള്ള തന്ത്രങ്ങള്‍ നീക്കുന്നതിനിടെയാണ് തങ്ങള്‍ക്ക് ഭീഷണിയാകുന്ന ആം ആദ്മി പാര്‍ട്ടിയെ ഒതുക്കാനുള്ള നീക്കങ്ങളും കേന്ദ്രം നടത്തുന്നത്.As the Lok Sabha elections are approaching, BJP’s fear is doubling

ഇലക്ട്രല്‍ ബോണ്ട് കേസ് ബിജെപിയുടെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ വാര്‍ത്തകള്‍ വഴിതിരിച്ചു വിടാനുള്ള ഉപാധി കൂടിയാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. മാത്രമല്ല ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് എതിരെയെല്ലാം ഇ‌ഡി അന്വേഷണവും കേസും ഉണ്ടാക്കിയെടുക്കുക എന്നത് മോദിയുടെയും അമിത്ഷയുടെയും പ്രധാന ലക്ഷ്യമാണെന്നും മുന്‍പേ ആരോപണമുണ്ട്.

രണ്ടു മാസത്തിനിടെ അറസറ്റിലാകുന്ന ഇന്ത്യ മുന്നണിയുടെ രണ്ടാമത്തെ നേതാവാണ് അരവിന്ദ് കെജ്‌രിവാള്‍. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് രാജി വച്ചതിനാല്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റിലാകേണ്ടിവന്നില്ല. അഴിമതിക്കാരായ നേതാക്കളാണ് പ്രതിപക്ഷ മുന്നണിയെ നയിക്കുന്നതെന്ന് ബിജെപി പ്രചാരണ വിഷയമാക്കും.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സോണിയ ഗാന്ധി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ കൊണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍  പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ഇപ്പോള്‍ എഎപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പത്തു വര്‍ഷത്തിനുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന ശക്തിയാക്കി വളര്‍ത്തിയെടുത്ത് അഴിമതിക്കെതിരെ പോരാട്ടം നടത്തി, അഴിമതിക്കേസില്‍ തന്നെ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഒതുക്കുന്നതുപോലെ പ്രധാനമാണ്, പാര്‍ട്ടിയുടെ ഏറ്റവും ജനകീയനായ കെജ്‌രിവാളിനെയും ഒതുക്കുകയെന്നത് ബിജെപി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത് . ഇത്തവണ 400 സീറ്റ് ലക്ഷ്യമിടുന്ന മോദിക്ക് ഇത്തരം നീക്കങ്ങള്‍ അനിവാര്യമായിരിക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും ഡല്‍ഹിയിലും തിരിച്ചടി പ്രതീക്ഷിച്ചിട്ടു തന്നെയാകണം ബിജെപി ഇത്തരമൊരു നീക്കത്തിലേക്ക് കടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എഎപി എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞിട്ടില്ല.

10 വര്‍ഷം കേന്ദ്രം ഭരിച്ചിട്ടും ഡല്‍ഹി പിടിക്കാന്‍ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍, ഡല്‍ഹി .പിടിക്കുകയാവും ബിജെപിയുടെ ലക്ഷ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. കെജ്‌രിവാളിന്റെ അറസ്റ്റും അതിനു പിന്നാലെയുള്ള നിയമ നടപടികളും എഎപിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ നിലവിൽ ജയിലിലാണ്.

അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് സഹതാപതരംഗം സൃഷ്ടിക്കുമെങ്കില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേജ്രിവാളിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധം കനക്കുകയാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും രംഗത്ത് വന്നുകഴിഞ്ഞു.

പ്രതിപക്ഷ നേതാക്കളെ പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു.പുറത്തുവന്ന അഴിമതിയുടെ കണക്കുകളും ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങളും മോദി സര്‍ക്കാരിന്മേലുള്ള ജനങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു.

ഇത് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ നേതാക്കളെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിടുന്നതെന്നും സിപിഐഎം പറഞ്ഞു.

കണ്ണൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കെജ്‍രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 

ഇന്‍ഡ്യ മുന്നണിയെ തകര്‍ക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിചിത്രമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നിശബ്ദമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതെല്ലാം അന്യായമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജ്‍രിവാള്‍ ആണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും ഹാജരായി. കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

അനുകൂലമായി മദ്യനയം രൂപീകരിക്കുന്നതിന് കെജ്രിവാള്‍ സൗത്ത് ഗ്രൂപ്പിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും കോടികള്‍ കൈക്കൂലി വാങ്ങാനാണ് മദ്യനയം രൂപീകരിച്ചതെന്നും ഇ.ഡി വാദിച്ചു.

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എ.എ.പി ഉദ്യോഗസ്ഥൻ വിജയ് നായരും ഉള്‍പ്പെടെയുള്ള സൗത്ത് ഗ്രൂപ്പിനും മറ്റ് പ്രതികള്‍ക്കും ഇടയിലുള്ള ഇടനിലക്കാരനാണ് കെജ്‌രിവാളെന്ന് ഏജൻസി അവകാശപ്പെട്ടു.

100 കോടി രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. അതിന്റെ ഒരു ഭാഗം എ.എ.പി ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കെജ്രിവാള്‍ ആരോപണം നിഷേധിച്ചു. അനധികൃതമായി പണം സമ്ബാദിച്ചതിന് ഒരു തെളിവും ഇ.ഡിക്ക് കണ്ടെടുക്കാനായിട്ടില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

ഇ.ഡിക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സിങ്‍വി കോടതിയെ അറിയിച്ചു. വസ്തുതകള്‍ക്ക് അപ്പുറത്തുള്ള ചില കാര്യങ്ങള്‍ പറയാനുണ്ട്. പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ട്.

എന്നാല്‍ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments